എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു...

Apr 5, 2014

വിനയമുള്ളവരാവുക





عبد الله بن مسعود عن النبي صلى الله عليه وسلم قال: لا يدخل الجنة من كان في قلبه مثقال ذرة من كبر، قال رجل: إن الرجل يحب أن يكون ثوبه حسناً ونعله حسناً، قال النبي صلى الله عليه وسلم: إن الله جميل يحب الجمال، الكبر بطر الحق وغمط الناس.
നബി (സ) പറയുന്നു: ''മനസ്സില്‍ അണു അളവ് അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' ഇതു കേട്ടപ്പോള്‍ ഒരു അനുചരന്‍ തിരിച്ചു ചോദിച്ചു: ''ഒരാള്‍ തന്റെ വസ്ത്രം മനോഹരവും ചെരുപ്പ് മോടിയുള്ളതുമാകണമെന്ന് കൊതിക്കുന്നത് അഹങ്കാരമായിത്തീരുമോ? അപ്പോള്‍ പ്രവാചകന്‍ (സ)പ്രതിവചിച്ചത് ഇപ്രകാരമാണ്: ''അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗി ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യം നിരാകരിക്കലും ആളുകളെ കൊച്ചാക്കലുമാണ് അഹങ്കാരം'' (മുസ്‌ലിം) 

അഹങ്കാരം ബാഹ്യദൃഷ്ടിയില്‍ തിരിച്ചറിയാവുന്ന ഒരു ദുര്‍ഗുണമായാണ് പലപ്പോഴും സമൂഹം തെറ്റിദ്ധരിക്കുന്നത്. മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഭേദപ്പെട്ട വീടുകളില്‍ ജീവിക്കുന്നതും മികച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും അഹങ്കാരിയുടെ ലക്ഷണമായി കരുതപ്പെടാറുണ്ട്. ഈ ധാരണയെ തിരുത്തുകയാണ് തിരുനബി (സ). ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ജീവിതസൗകര്യങ്ങള്‍ ഉണ്ടാകുന്നത് ഒരു തെറ്റല്ല; അഹങ്കാരവുമല്ല - മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നവിധം അതിരുവിടുന്ന ധൂര്‍ത്തും ആര്‍ഭാടവുമായിത്തീരുന്നതുവരെ. അതുപോലെ വിലകുറഞ്ഞ വസ്ത്രങ്ങള്‍ അണിയുന്നതുകൊണ്ടോ, ചെറിയ വീടുകളില്‍ ജീവിക്കുന്നതുകൊണ്ടോ ഒരാള്‍ വിനീതനുമായിരിക്കുകയില്ല. മറിച്ച് അഹന്തയും വിനയവും രണ്ടു മനോഭാവങ്ങളാണ്.

ഉന്നത സാമ്പത്തികസ്ഥിതിയും ഉയര്‍ന്ന ജീവിതസൗകര്യവും അനുഭവിക്കുന്ന ഒരാള്‍ തന്റെ സഹജീവികളെക്കുറിച്ച് ചിന്തിക്കുകയും അവരോടുള്ള കടമകള്‍ മറക്കാതിരിക്കുകയും ചെയ്യുന്നത് അസ്വാഭാവികമൊന്നുമല്ല. മനസ്സില്‍ പണത്തേക്കാളും അതിന്റെ ആര്‍ത്തികളേക്കാളും ഉയരത്തില്‍ ദൈവബോധം പ്രതിഷ്ഠിച്ചവര്‍ വിനീതരായിത്തീരും. പര്‍ണശാലകളിലും ദേവാലയങ്ങളിലും കഴിയുന്ന സാത്വികവേഷധാരികള്‍, അഹങ്കാരികളാകുന്നതും സ്വാഭാവികം മാത്രം. മറ്റുള്ളവരെ അധമരായി കരുതുന്ന പണ്ഡിതഭാവവും ഭക്തിഭാവവും അഹങ്കാരം തന്നെയാണ്.

''നീ ജനങ്ങളെ പുച്ഛിക്കരുത്. പൊങ്ങച്ചംകാട്ടി ഭൂമിയിലൂടെ നടക്കുകയുമരുത്. അഹങ്കരിച്ചും ഊറ്റം കൊണ്ടും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ഖുര്‍ആന്‍ )


തന്നേക്കാള്‍ താഴെപടിയിലുള്ളവരെ ആദരിക്കാനും അവരെ പരിഗണിക്കാനും മിക്കയാളുകള്‍ക്കും സാധിക്കുന്നില്ല. ലോകത്ത് നടമാടുന്ന ഒട്ടധികം പ്രശ്‌നങ്ങള്‍ 'ഈഗോ' സൃഷ്ടിക്കുന്നതാണ്. എന്നാല്‍, സ്വയം താഴ്മ കാട്ടുന്നവരാണ് ഉന്നതര്‍ എന്ന തത്വം തിരുനബി (സ) പഠിപ്പിക്കുന്നു.

Mar 30, 2014

ആത്മാവും മരണവും



             ആത്മാവിനു മരണമില്ല                                                                         

                                      ആത്മാവ് വിശുദ്ധിയോടെ തിരിച്ചയക്കുക 

      يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ﴿٢٧ 
 ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨ فَادْخُلِي فِي عِبَادِي﴿٢٩
  وَادْخُلِي جَنَّتِي ﴿٣٠
അല്ലയോ ശാന്തി നേടിയ ആത്മാവേ നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. 
 എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. - ഖുര്‍ആന്‍ : സൂറത്ത് അല്‍ ഫജ്ര്‍ 


ആത്മാവിന് ശാന്തത ലഭിക്കണമെങ്കിൽ സത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക.

വിശ്വസിച്ചു ബോധ്യപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക എന്നതാണ് ഏതൊരു വിശ്വാസിയുടെയും അതിപ്രധാനമായ ജോലി. നിങ്ങൾ പ്രവർത്തിക്കാത്തത് പറയരുത് എന്ന് അല്ലാഹു   നമ്മോട് പറയുന്നു.

ഒരിക്കൽ അല്ലാഹു ആത്മാവിനെ സൃഷ്‌ടിച്ചു കഴിഞ്ഞാൽ പിന്നെ ആത്മാവിന് മരണമില്ല. ആത്മാവിന് ശാസ്ത്രീയമായ ഒരു നിർവചനവും നൽകാൻ മൻഷ്യന് ഇത് വരെ കഴിഞ്ഞിട്ടില്ല.

മരണത്തോടെ എന്താണ് ശരീരത്തിൽ നിന്നും പോകുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ആത്മാവ് എന്നാൽ ജീവനാണോ? ഒരു മനുഷ്യൻ മരിക്കുന്നത് ഭൗതിക ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പോകുന്നതോടെയാണ്. മരിച്ച് കഴിഞ്ഞ വ്യെക്തിയുടെ ശരീര അവയവങ്ങളിൽ നിന്ന് ജീവൻ പോകാൻ കുറച്ച് സമയമെടുക്കും അതുകൊണ്ടാണ് മരിച്ച വ്യെക്തിയുടെ അവയവങ്ങൾ നശിക്കുന്നതിന് മുമ്പ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്. ബ്രെയിൻ ഡെത്ത് സംഭവിച്ചാലും ഒരു ശരീരത്തെ കൃത്വിമ ശ്വാസം നൽകി വെന്റിലേറ്ററിൽ ശരീരത്തിന്റെ ജീവൻ നശിക്കാതെ ദിവസങ്ങളോളം സൂക്ഷിക്കാം. എന്നാൽ വെന്റിലേഷൻ മാറ്റുന്നതോടെ ശരീരത്തിന്റെ ജീവനും പോകുന്നു. ബ്രെയിൻ ഡെത്ത് സംഭവിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നതെന്ന് വേണം കരുതാൻ.

എവിടെയാണ് ആത്മാവ് നിലകൊള്ളുന്നതെന്ന് മനുഷ്യ ബുദ്ധികൊണ്ട് വിശകലനം ചെയ്യുക പ്രയാസമാണ്. പൊതുവായി മനുഷ്യൻ ഹൃദയത്തെ മനസ്സുമായി കൂട്ടിചേർക്കുന്നുണ്ട്. അത് കൊണ്ടാണ് കഠിന ഹൃദയം, ഹൃദയമില്ലാത്തവൻ തുടങ്ങിയ പ്രയോഗങ്ങൾ ചില മനുഷ്യരുടെ മാനസ്സിക നിലപാടിനെ വിശദീകരിക്കാൻ ഉപയോഗിക്കുന്നത്. മനസ്സിനെ നിയന്ത്രിക്കുന്നത് ആത്മാവാണ്. ഹൃദയം മാറ്റിവെച്ചവർ മാനസ്സികമായി മാറുന്നില്ല. ഇന്നലെ പഠിച്ചതും മനസ്സിലാക്കിയതും വിട്ട് പോകുന്നില്ല.

ജീവനല്ല ആത്മാവ് എന്ന് മനസ്സിലാക്കേണ്ടതാണ് . ആത്മാവിന് മനുഷ്യന്റെ ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളിൽ നിയന്ത്രണമില്ലെന്നുമാണ് ഈ വിഷയവുമായുള്ള പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഈ പ്രകൃതി നിയമങ്ങളെ പോലെ അല്ലാഹു പ്രോഗ്രാം ചെയ്ത രീതിയിൽ പ്രവർത്തിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസോഛോസത്തിന്റെയും പ്രവർത്തനത്തിൽ ഒരാൾക്കും പങ്കില്ല. അവയെ മനുഷ്യന് നിയന്ത്രണങ്ങൾക്കപ്പുറമാണ്. ശരീരത്തിലെ എല്ലാ ഓർഗൻസും അതിന്റെ ജോലി പ്രോഗ്രാം ചെയ്ത രൂപത്തിൽ പണിമുടക്കാതെ നിർവഹിക്കുന്നു. എന്നാൽ മനുഷ്യന്റെ പ്രവൃർത്തി ആത്മാവുമായാണ് ബന്ധപെട്ട് കിടക്കുന്നത്. അത് കൊണ്ടാണ് മരിച്ചുകഴിഞ്ഞാൽ നമ്മുടെ ചെയ്തികൾ ചോദ്യപെടുമെന്നും അതിൽ വിശേഷ ബുദ്ധിയില്ലാത്തവർ ഒഴിവാകുമെന്നും പറയുന്നത്.

തലച്ചോറിലെ പല ലോബുകൾ പല ശാരീരായവങ്ങളെ നിയന്ത്രിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ മറ്റു ജീവികളിലും അതിന്റെതായ രീതിയിൽ നടക്കുന്നു.

മനുഷ്യ തൽച്ചോറിലെ നെർവ് സിസ്റ്റത്തിലെ പ്രധാന ഭാഗം ഉപയോഗപെടുത്തുന്നത് വിശേഷ ബുദ്ധിയും ഈ വിശേഷ ബുദ്ധിയെ കൺട്രോൾ ചെയ്യുന്നത് ആത്മാവുമാണെന്ന് അനുമാനിക്കാം. ജന്തുജാലങ്ങൾക്ക് നിയമ നിർദ്ദേശങ്ങളില്ല. അവയെ നിയന്ത്രിക്കുന്നത് ആത്മാവല്ല. മറിച്ച് സൃഷ്ടിപ്പിൽ തന്നെഅല്ലാഹു ചെയ്തു വെച്ച ജെനെറ്റിക് ഇൻഫർമേഷനുകളിലുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പരിമിതമായ ബുദ്ധിയുപയോഗിച്ച് അവ ജീവിക്കുന്നു.

ആത്മാവും ശരീരവും തമ്മിലുള്ള ബന്ധം തലച്ചോറിനാൽ ബന്ധപെട്ടുകിടക്കുന്നു. ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്യുന്നവനും ശാരീരികമായി ജോലി ചെയ്യുന്നവനും ക്ഷീണം വരുന്നു. ക്ഷീണം ഇല്ലാതാക്കാനാണ് ഉറക്കം. ഉറക്കത്തിൽ ശരീരം നിശ്ചലമാകുന്നില്ല. ശരീരത്തിന് ജീവനുണ്ട്, അതുകൊണ്ട് തന്നെ അത് പ്രോഗ്രാം ചെയ്തത് പോലെ പ്രവർത്തിക്കുന്നു. എന്നാൽ ഉറക്കത്തിൽ ആത്മാവിനെ അല്ലാഹു ശരീരത്തിൽ നിന്നും ഉയർത്തുന്നു, അത് തിരിച്ച് നൽകുന്നതോടെ മനുഷ്യൻ ഉണരുന്നു. ഉണരാതെ മരിച്ച് പോകുന്ന ആളുകളുണ്ട്,.

വേദനയും സുഖവുമെല്ലാം ശരീരത്തിന്റെ ഗുണങ്ങളാണ്. ശാരീരികമായ സുഖവും അസ്വസ്ഥതയും ബുദ്ധിയെ അറിയിക്കുന്നത് ചർമ്മാണ്.

വിശേഷ ബുദ്ധിയില്ലാത്തവർക്കും ജന്തുജാ‍ലങ്ങൾക്കും വേദന സുഖം വികാരങ്ങൾ എന്നിവയൊക്കെയുണ്ട്. അപ്പോൾ വേദന, സുഖം വികാരം എന്നിവ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപെട്ട് കിടക്കുന്നു.

തലച്ചോറിന്റെ എല്ലാ പ്രവർത്തനവും ആത്മാവിന്റെ നിയന്ത്രണത്തിലല്ല. മറിച്ച് വിശേഷ ബുദ്ധി എന്ന് പറയുന്നത് മാത്രമെ ആത്മാവിന്റെ നിയന്ത്രണത്തിലുള്ളു. ഈ വിശേഷ ബുദ്ധിയെയാണ് മനുഷ്യന് ഉപയോഗപെടുത്താൻ കഴിയുന്നത്.

വിശേഷ ബുദ്ധിയെ നിയന്ത്രിക്കുന്നത് ആത്മാവാണ്. മനുഷ്യന് അവന്റെ ചുറ്റുപാടുകളെ മനസ്സിലാക്കുന്നതും അതിനനുസരിച്ച് ജീവിക്കുന്നതിനും സഹായിക്കുന്നത് ഈ വിശേഷ ബുദ്ധിയാണ്.

ജെനെറ്റിക് കോഡിങ് ആഗ്രഹ വിചാരങ്ങല്‍ക്കനുസരിച്ചുമാറ്റങ്ങൾക്ക് വിധേയമല്ലാത്തതാണ്. ഇനി ബാഹ്യമായ മാറ്റങ്ങൾ സംഭവിച്ചാൽ രോഗമായോ വൈകല്ല്യമായോ ശരീരത്തിൽ പ്രത്യക്ഷപെടുന്നു. ഈ ജെനെറ്റിക് മാറ്റങ്ങളെ തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കാൻ ഡി.എൻ.എ റിപയർ എൻസൈമുകൾ ഉപയോഗപെടുത്തുന്നു. എന്നാൽ വിശേഷ ബുദ്ധിയിലുള്ള കോഡിങ് ഇങ്ങിനെയല്ല. അത് ആത്മാവിന്റെ നിയന്ത്രണത്തിലാണ്. ആത്മാവ് എങ്ങിനെയാണ് വിഷയം മനസ്സിലാകുന്നതും കൈകാര്യം ചെയ്യുന്നതും അതിനനുസരിച്ചുള്ള പ്രവർത്തനമാണ് വിശേഷ ബുദ്ധി നടത്തുന്നത്. വിശേഷ ബുദ്ധിക്ക് ഏതെങ്കിലും രീതിയിൽ തകരാറു സംഭവിച്ചാൽ ആത്മാവിന്റെ പ്രവർത്തനം തകരാറിലാകും.

ബാഹ്യമായ അപകടങ്ങൾ പോലുള്ളവ കാരണം തകരാറ് സംഭവിക്കുന്നത് ആത്മാവിനല്ല, ആത്മാവിനാൽ പ്രവർത്തിക്കപെടുന്ന വിശേഷ ബുദ്ധിയെയാണ്. അതിനാൽ തന്നെ വിശേഷ ബുദ്ധി തകരാറിലായവരും വിശേഷ ബുദ്ധി വികസിക്കാത്തവരും (കുട്ടികൾ) മരണാന്തരം ചോദ്യംചെയ്യപെടുകയില്ല എന്ന് പറയുന്നത്.

ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവിന് ഇൻഫർമേഷൻസ് സ്വീകരിക്കാനുള്ള മീഡിയ കാതുകളും കണ്ണുകളും മാത്രമാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ കേൾവിയേയും കാഴ്ച്ചയേയും ഹൃദയവുമായി ബന്ധപെടുത്തി നിരവധി ആയത്തുകളിൽ പ്രസ്താവിച്ചത്

ബുദ്ധി തകരാറിലായത് പോലെ തന്നെയാണ് കേൾവിശക്തിയും കാഴ്ച്ചശക്തിയും ഒന്നിച്ച് നഷ്ടപെട്ടാലുള്ള അവസ്ഥ. ആത്മാവിലേക്ക് ഉദ്ബോധകമായ ഒന്നും പ്രവേശിക്കാൻ മാർഗമില്ല.

കേട്ടതും കണ്ടതും ഹൃദയത്തിലുള്ളത്കൊണ്ട് (ആത്മാവ്) മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കുക എന്നതാണ് നമ്മുടെ ധർമ്മം.

മനുഷ്യ മനസ്സിന് സ്ഥിരതയില്ല. ഏത് തര മാറ്റങ്ങൾക്കും വിധേയമാകാം. നല്ല മുനുഷ്യൻ പെട്ടെന്ന് ചീത്തയാകാം, ചീത്ത മനുഷ്യൻ നല്ലവനുമാകാം. മുൻവിധിയോടെ സ്വന്തം തീരുമാനമോ കൂടാതെ ഇതെല്ലാം സംഭവിക്കാം ചുരുക്കത്തിൽ ആത്മാവിന്റെ പൂർണ്ണ നിയന്ത്രണം അല്ലാഹുവിങ്കലാകുന്നു.

ജീവന്റെ സൃഷ്ടിപ്പും ആത്മാവിന്റെ സൃഷ്ടിപ്പിനെ പോലെ തന്നെ, എങ്ങിനെയാണ് ജീവനുണ്ടാവുന്നതെന്ന് മനുഷ്യ ബുദ്ധിക്ക് ഊഹിക്കാൻപോലും കഴിയാത്ത വിഷയമാണ്.

ഇബ്രാഹീം (അ) ദൃഡമായി വിശ്വസിച്ചതിനെ മനസ്സിൽ കണ്ടുറപ്പിക്കാനായി എങ്ങിനെയാണ് ജീവൻ നൽകുക എന്ന് അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു, നാലു പക്ഷികളെ വശപെടുത്തി കൊണ്ടുവന്ന് കഷ്ണങ്ങളാക്കി ഒരൊ അംശവും ഒരോ മലകളിൽ കൊണ്ട് വെക്കുക എന്നീട്ട് അവയെ വിളിക്കാനും പറഞ്ഞു, അതനുസരിച്ച് കഷ്‌ണങ്ങളായി മാറ്റപെട്ടവ ജീവൻ പൂണ്ട് ഓടിവരുന്നത് നിനക്ക് കാണാം (വി:ഖുർആൻ 1:260). അങ്ങിനെ പക്ഷികളെ ഇബ്രാഹീം(അ) മിലേക്ക് പറന്നടുപ്പിക്കുകയും ചെയ്തു. ഇവിടെ എങ്ങിനെയാണ് കഷ്ണങ്ങളായവ ഒന്നായതെന്നും അതിലേക്ക് ജീവൻ എങ്ങിനെ വന്ന് ചേർന്നുവെന്നു അല്ലാഹു കാണിച്ച് കൊടുക്കുന്നില്ല. എന്നാൽ അവ സംഭവിക്കുമെന്നത് കാണിച്ച് കൊടുത്തു.

ഒരുമിച്ച് കൂട്ടപെടുന്നതും ജീവൻ നൽകുന്നതും പരിമിതമായ മനുഷ്യ ബുദ്ധിക്ക് ഉൾകൊള്ളുവാൻ സാധിക്കുന്നവയല്ല.

കമ്പ്യൂട്ടറിൽ ഏത് ഓപറേറ്റിങ് സിസ്റ്റമാണ് ഇൻസ്റ്റാൾ ചെയ്തത്, അതിനനുസരിച്ച് ആ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ഈ കമ്പ്യൂട്ടറിനെ വേണ്ട ഏറ്റവും നല്ല ഓപറേറ്റിങ് സിസ്റ്റം ഏതാണെന്ന് മറ്റാരെക്കാളും അതിന്റെ നിർമ്മാതാവിനാണറിയുക.എന്നതുപോലെ മനുഷ്യന്റെ ആതീയവും സാമൂഹീകവുമായ ശരിയായ ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒപെരെടിംഗ് സിസ്ടമാണ് ഈ പ്രപഞ്ചം . ആയതിനാൽ തന്നെ, ആത്മാവ് , ശരീരം , മനസ്സ് , ചിന്ത , ബുദ്ധി , ആഗ്രഹം , വിചാരം , ഇവയെല്ലാമടങ്ങിയ ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌ വെയറാണ്‌ ഖുര്‍ആന്‍ അതായത് അല്ലാഹുവിന്റെ - വചനങ്ങള്‍, സംസാരം , ഉത്ഭോധനം , സുവിസേശം - എന്നെല്ലാം ഇതിനെ നിര്‍വചിക്കാം .അല്ലാഹു പ്രവാചകന്മാർ വഴി ഓരോ കാലഘട്ടത്തിനനുസരിച്ചുള്ള നവീകരിച്ച ഓപറേറ്റിങ് സിസ്റ്റം മനുഷ്യന് നൽകിയിട്ടുണ്ട്. പ്രവാചകന്മാർ ഈ സിസ്റ്റം എങ്ങിനെ ഫലവത്തായി ഉപയോഗിക്കാം എന്ന് ജീവിച്ച് കാണിച്ചുതന്നിട്ടുമുണ്ട് .

നമുക്ക് ലഭിച്ച അനുഗ്രഹമാണ് ഖുര്‍ആന്‍ എന്ന് മനസ്സിലാക്കിഅതിനെ നാം കുറ്റമറ്റാതാക്കി നിർത്തിയാൽ നാം വിജയിച്ചു. വൈറസുകൾ ഏത് രീതിയിലും അക്രമിക്കാം. നാം എല്ലാഴ്പ്പോഴും നമ്മുടെ സിസ്റ്റം ശരിപെടുത്തേണ്ടത് ഖുർആനുംഅത് പ്രാവര്‍ത്തീകമാക്കിയ നബിയുടെ മാതൃക മനസ്സിലാക്കി ഉപയോഗപെടു ത്തുകയാണ്. എന്നാൽ ഇന്ഷാ അല്ലാഹ് നമ്മുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാകും, നാം വിജയികളിൽ പെടുകയും ചെയ്യും തീര്‍ച്ച.

Dec 10, 2013



ഇങ്ങനെയൊരു കഥയുണ്ട്‌: കാറ്റില്‍ പെട്ട്‌ ആടിയുലയുന്ന തോണിയില്‍ ഭാര്യയും ഭര്‍ത്താവുമിരിക്കുന്നു. ഭയവിഹ്വലനായ ഭര്‍ത്താവ്‌ ഭാര്യയോട്‌ ചോദിച്ചു: “ഇത്ര ഭയപ്പെടേണ്ട സമയത്തും നീ എങ്ങനെയാണ്‌ സമാധാനത്തോടെ ഇരിക്കുന്നത്‌?” അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത്‌ ഭര്‍ത്താവിന്റെ കഴുത്തിനു നേരെ ചേര്‍ത്തുപിടിച്ച്‌ ഭാര്യ ചോദിച്ചു: “നിങ്ങള്‍ക്ക്‌ പേടിയുണ്ടോ?” അയാള്‍ പറഞ്ഞു: “ഇല്ല.” “എന്തുകൊണ്ട്‌?” “എന്റെ കഴുത്തിനോട്‌ ചേര്‍ത്തു കത്തിചൂണ്ടിനില്‌ക്കുന്നത്‌ എന്നെ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ ഭാര്യയാണ്‌. അതുകൊണ്ട്‌ എനിക്കൊട്ടും ഭയമില്ല”. അപ്പോള്‍ ഭാര്യ പറഞ്ഞു: “അതുതന്നെയാണ്‌ എന്റെയും സമാധാനം. എന്നെ ഏറ്റവും സ്‌നേഹിക്കുന്ന, ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ നാഥനാണ്‌ ഈ കാറ്റും കോളുമെല്ലാം എന്റെ നേര്‍ക്ക്‌ അയച്ചത്‌. അതുകൊണ്ട്‌ ഞാനെന്തിന്‌ ഭയപ്പെടണം? എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണമെന്നും കൂടുതല്‍ അറിയുന്നവന്‍ അവനാണ്‌.”
അല്ലാഹുവിന്റെ ഇഷ്‌ടം തിരിച്ചറയുമ്പോള്‍ നിര്‍ഭയത്വം കൈവരുന്നു. അല്ലാഹുവിനോടുള്ള ഇഷ്‌ടം പെരുകുമ്പോള്‍ നിര്‍ഭയത്വം ഇരട്ടിക്കുന്നു. അല്ലാഹുവിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുമ്പോള്‍ സ്വന്തം ശരീരത്തെച്ചൊല്ലിയുള്ള ഭയപ്പാടുകളെല്ലാം നിസ്സാരമായിത്തോന്നുന്ന അനുഭവമുണ്ടാകും. ജീവിതത്തെക്കുറിച്ച ഭയവും അതോടെ ഇല്ലാതാകും. “നിങ്ങള്‍ അല്ലാഹുവെ സഹായിച്ചാല്‍ അവന്‍ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ കാല്‍പാദങ്ങള്‍ക്ക്‌ കരുത്തു നല്‍കുകയും ചെയ്യും” എന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണ്‌.
നമ്മുടെ മക്കളെ നമ്മള്‍ എത്ര ഇഷ്‌ടപ്പെടുന്നുണ്ട്‌, ഒരുപാടൊരുപാട്‌. എത്ര പറഞ്ഞാലും തീരാത്ത അത്ര ഇഷ്‌ടം സ്വന്തം കുഞ്ഞുങ്ങളോട്‌ ഓരോരുത്തര്‍ക്കുമുണ്ട്‌. ചിലര്‍ക്കത്‌ പ്രകടിപ്പിക്കാനാവില്ലെങ്കിലും ഉള്ളില്‍ ആ സ്‌നേഹവും വാത്സല്യവും നിറഞ്ഞു കിടപ്പുണ്ട്‌.
ശരി. അത്ര സ്‌നേഹിച്ചും ലാളിച്ചും നാം വളര്‍ത്തിയ നമ്മുടെ മക്കള്‍ നമ്മെ അവഗണിച്ചാലോ, അത്‌ നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. നാം ജീവിച്ചതു തന്നെ ആ മക്കള്‍ക്കു വേണ്ടിയാണ്‌. അധ്വാനിച്ചത്‌, സമ്പാദിച്ചത്‌, പിശുക്കു കാണിച്ചതുപോലും മക്കള്‍ക്കു വേണ്ടിയായിട്ടും, ജോലിയും ശമ്പളവുമായി കഴിഞ്ഞാല്‍ ഉപ്പയെയും ഉമ്മയെയും അവര്‍ പരിഗണിക്കാതെയായാല്‍ തീര്‍ച്ചയായും അത്‌ വല്ലാത്ത സങ്കടമാണ്‌. ആ മാതാപിതാക്കള്‍ വേദനയോടെ പറയും: “അവന്‍ ഞങ്ങളെ വിലവെക്കുന്നില്ല!” നോക്കൂ. ഇതേ വാക്ക്‌ സര്‍വശക്തനായ രക്ഷിതാവ്‌ അവന്റെ ചില അടിമകളെക്കുറിച്ച്‌ പറയുന്നു. സൂറതുല്‍ ഹജ്ജിലെ വചനം 74: “അവര്‍ അല്ലാഹുവിന്‌ നല്‍കേണ്ട വില തരുന്നില്ല!”
എന്താണ്‌ അല്ലാഹുവിന്‌ നമ്മള്‍ നല്‍കേണ്ട വില? ജീവിതത്തിലുടനീളം നാം നല്‍കുന്ന പരിഗണനയാണത്‌. ആരെക്കാളും എന്തിനെക്കാളും ഉപരിയായി അവന്‌ സമര്‍പ്പിക്കുന്ന ഇഷ്‌ടമാണത്‌.
അത്രയും ഇഷ്‌ടം അവനോട്‌ നമ്മുടെയുള്ളില്‍ നിറയുമ്പോള്‍ അവന്റെ മാര്‍ഗവും മാര്‍ഗദര്‍ശനവും നമുക്ക്‌ ഏറ്റവും പ്രിയങ്കരമായിത്തീരും. അവനോടൊത്തുള്ള ആരാധനാനിമിഷങ്ങള്‍ അനിര്‍വചനീയമായ ആനന്ദവേളകളാവും. അവന്റെ കല്‌പനകളെ അനുസരിക്കുമ്പോള്‍ വാക്കുകള്‍ക്കതീതമായ സന്തോഷമനുഭവിക്കും. “ഞാന്‍ കൊണ്ടുവന്ന കാര്യത്തെ നിങ്ങളുടെ ഇഷ്‌ടം പിന്തുടരുന്നതു വരെ നിങ്ങള്‍ വിശ്വാസിയാവുകയില്ല” എന്ന തിരുനബിയുടെ താക്കീതിന്റെ അര്‍ഥമതാണ്‌. അല്ലാഹുവിന്റെ ഇഷ്‌ടങ്ങളെയും തീരുമാനങ്ങളെയും നമ്മുടെ ഇഷ്‌ടമായി സ്വീകരിക്കുകയാണത്‌.
പരിഗണനകളില്‍ പ്രാമുഖ്യം അല്ലാഹുവിനുള്ളതാവണം. ശരീരം, വീട്‌, കുടുംബം, ജോലി, കച്ചവടം, സമയം, ഉറക്കം, സമ്പത്ത്‌… ഇങ്ങനെയുള്ള കുറെ പരിഗണനകളിലൂടെയാണ്‌ നമ്മുടെ ഓരോ നിമിഷവും കഴിഞ്ഞുപോകുന്നത്‌. അല്ലാഹുവിനുള്ള സ്ഥാനവും പദവിയും പ്രാധാന്യവും ഇവയുടെയെല്ലാം മുകളിലായിരിക്കണം. ഏറ്റവും ഇഷ്‌ടമുള്ളവനു വേണ്ടി ചെറിയ ഇഷ്‌ടങ്ങളെ ത്യജിക്കാനും നഷ്‌ടപ്പെടുത്താനും അപ്പോള്‍ മാത്രമേ നമുക്ക്‌ കഴിയൂ.
ഓരോ കാര്യങ്ങളില്‍ പെട്ട്‌ അല്ലാഹുവെ മറന്നുപോകുന്നതിനു പകരം ഓരോ കാര്യത്തിലും ആ നാഥനെ ഓര്‍ത്തെടുക്കുക എന്നത്‌ മഹാഭാഗ്യമാണ്‌. നമ്മുടെ മനസ്സില്‍ അല്ലാഹുവിനുള്ള സ്ഥാനമെത്രയാണോ അത്രയാണ്‌ അവന്റെയടുക്കല്‍ നമുക്കുള്ള സ്ഥാനമെന്ന്‌ തിരുനബി പഠിപ്പിച്ചിട്ടുണ്ടല്ലോ. അല്ലാഹുവെപ്പറ്റിയുള്ള ചിന്തയ്‌ക്കിടയില്‍ മറ്റു പലതിനെയും മറന്നാലും പല വിചാരങ്ങള്‍ക്കിടയില്‍ അല്ലാഹു മാഞ്ഞുപോകാതിരിക്കട്ടെ.
ഉന്നതനായൊരു പണ്ഡിതന്റെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു: “അല്ലാഹുവേ, എനിക്കുള്ളതെല്ലാം നിനക്കുതരാം. നിന്റെ ഒരു തിരുനോട്ടം മതിയെനിക്ക്‌.’

Feb 26, 2013





സ്വാര്‍ഥരാവുക.
സ്വാര്‍ഥരാകാന്‍ പാടില്ലാത്തവരാണ്‌  നാം................

                                                                                 വ്യക്തിപരമായ ഇഷ്‌ടങ്ങളില്‍ ഒട്ടും സ്വാര്‍ഥതയില്ലാതെ ജീവിക്കാനാണ്‌ നമുക്കുള്ള നിര്‍ദേശം. പക്ഷേ, നാം കടുത്ത സ്വാര്‍ഥരാകേണ്ട ഒരു വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്‌; അത്‌ നമ്മുടെ പരലോകമാണ്‌. പരലോകത്തിന്റെ കാര്യത്തില്‍ എത്ര സ്വാര്‍ഥമാകാന്‍ സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ പോരും. വ്യക്തിപരമായ ഇഷ്‌ടങ്ങളിലും നിലപാടിലും ഏറ്റവും കര്‍ക്കശമായ സമീപനം പുലര്‍ത്താന്‍ സാധിക്കേണ്ടതും പരലോകത്തിന്റെ കാര്യത്തിലായിരിക്കണം. ഭൗതിക കാര്യങ്ങളില്‍ എത്ര തന്നെ വിട്ടുവീഴ്‌ചയും മറ്റുള്ളവര്‍ക്കുള്ള പരിഗണനയും നല്‍കാന്‍ സാധിച്ചാലും പരലോകത്തിലേക്കുള്ള വിഷയങ്ങളില്‍ അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്‌.

 തനിച്ചിരുന്ന്‌ കരയുന്ന ആഇശ(റ)യോട്‌ തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു : ``നരകത്തെക്കുറിച്ചോര്‍ത്ത്‌ കരഞ്ഞതാണ്‌ റസൂലേ; അന്ത്യനാളില്‍ അങ്ങ്‌ അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?'' ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്‌. തിരുനബി(സ)യുടെ മറുപടി പക്ഷേ, ആഇശാബീവിക്ക്‌ ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ``ആഇശാ, മൂന്ന്‌ സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌ -തന്റെ തുലാസ്‌ ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്‌തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ -വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത്‌ നല്‍കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന്‌ അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍ -അത്‌ മുറിച്ചുകടക്കുന്നതു വരെ.'' (അബൂദാവൂദ്‌ 4755)

 പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്‌ര്‍ 27, മുസ്സമ്മില്‍ 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്‌ക്കെത്തുന്നു. ഇഷ്‌ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ച്‌ സ്വന്തം നേട്ടത്തിന്ന്‌ മാത്രമായി ഓടിപ്പായുന്ന ആ ദിനം ഓര്‍ക്കും തോറും ഹൃദയത്തില്‍ ഭയത്തിന്റെ തീനാളങ്ങള്‍ പടര്‍ന്നുകയറുന്നു! നാം ഓരോരുത്തരും ഏറ്റവും സ്വാര്‍ഥരാകുന്ന നിമിഷമാണ്‌ വിചാരണയുടെ നിമിഷം. വെയിലുകൊണ്ടും വിയര്‍പ്പൊഴുക്കിയും നാം വളര്‍ത്തിയെടുത്ത മക്കളോ കുടുംബമോ നമ്മെ തിരിഞ്ഞുനോക്കുന്നില്ല. നമുക്കും ആരെയും വേണ്ട. ആര്‍ക്കും ആരെയും ആവശ്യമില്ല. ശരി. അന്നു നമ്മള്‍ സ്വാര്‍ഥരായിപ്പോകും. എങ്കില്‍ ആ ദിവസത്തിനു വേണ്ടി ഇന്നും നമ്മള്‍ സ്വാര്‍ഥരായേ പറ്റൂ.

 മാരകരോഗം ബാധിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ മടങ്ങിയെത്തിയ ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ കണ്ണുകളോടെ കൈ മലര്‍ത്തി അയാള്‍ പറഞ്ഞതിങ്ങനെയായിരുന്നു: ``കുറെ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ചെയ്‌തില്ല. മക്കളെന്നും കുടുംബമെന്നും പറഞ്ഞ്‌ പണമുണ്ടാക്കാന്‍ തിരിഞ്ഞു. ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക്‌ എന്റെ സമയവുമിതാ തീര്‍ന്നു...'' അലസജീവിതം നയിക്കുന്നവര്‍ക്കുള്ള താക്കീതാണിത്‌. ഏറെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന്‌ അകറ്റിനിര്‍ത്തി കൊച്ചു കാര്യങ്ങളിലേക്ക്‌ മനസ്സിനെ വ്യാപിപ്പിക്കുന്നത്‌ പിശാചിന്റെ സൂത്രമാണ്‌. പക്ഷേ, നമ്മുടെ കാര്യത്തില്‍ കൂടുതല്‍ വിജയിക്കുന്നത്‌ പിശാചാണ്‌4

 ഉമര്‍(റ) മരണപ്പെട്ടപ്പോള്‍ മുആവിയ(റ) പറഞ്ഞതിങ്ങനെയായിരുന്നു: ``അബൂബക്‌ര്‍ ദുനിയാവിനെ ആഗ്രഹിച്ചില്ല. ദുന്‍യാവ്‌ അബൂബകറിനെയും ആഗ്രഹിച്ചില്ല. ഉമറിന്റെ മുമ്പില്‍ ദുന്‍യാവ്‌ കുന്നുകൂടിയെങ്കിലും ഉമര്‍ തിരിഞ്ഞുനോക്കിയില്ല. നമ്മളോ, അകവും പുറവും ദുന്‍യാവില്‍ മുങ്ങിയിരിക്കുകയാണ്‌.'' നമ്മുടെ കാലത്ത്‌ കൂടുതല്‍ ശരിയായ സത്യമാണിത്‌. പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും കീഴടക്കിയിട്ടില്ല. ആ വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട വിധം സ്വാധീനിച്ചിട്ടില്ല. അതിന്റെ പോരായ്‌മകള്‍ അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്‌.

 ഉമര്‍(റ) അസാധാരണ മാതൃകയാണ്‌. പരലോകബോധം ഹൃദയത്തിലുള്‍ച്ചേര്‍ന്നതിന്റെ സാക്ഷ്യമായിരുന്നു ആ ജീവിതം. ``നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. അതു തടയാന്‍ ആര്‍ക്കും സാധ്യമല്ല'' എന്ന ഖുര്‍ആന്‍ വചനം ആദ്യമായി കേട്ട ഉമര്‍, തലചുറ്റി വീണു. മൂന്ന്‌ ആഴ്‌ചയോളം പനിച്ചുകിടുന്നു. അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ ചുണ്ടില്‍ ഈ ഖുര്‍ആന്‍ വചനമായിരുന്നു. പ്രാര്‍ഥനാസമയത്ത്‌ കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. ആ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകളുണ്ടായിരുന്നുവത്രെ.

 പരലോകം എത്രയാണോ മനസ്സില്‍ വേരുപിടിക്കേണ്ടത്‌, അത്രയും വേരുപിടിച്ചത്‌ ഇഹലോകമായിരിക്കുന്നു. സുഖങ്ങള്‍ മതിവരാത്ത മനസ്സും ആര്‍ത്തിയൊടുങ്ങാത്ത ജീവിതവും പൂതി തീരാത്ത പണമോഹവും ആത്മാര്‍ഥത നഷ്‌ടപ്പെട്ട്‌ കര്‍മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന മതപ്രവര്‍ത്തനങ്ങളും സംഭവിക്കുന്നത്‌ അതുകൊണ്ടാണ്‌.

അല്ലാഹുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം കവിയുന്ന ഹൃദയവും പരലോകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിതുമ്പുന്ന മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.

Sep 18, 2012

           പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം...!!


**എന്റെ ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനുംആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി.

അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി.ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍ മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലുംനടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള
കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി.എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോഎന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.

ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത്എനിക്ക് വല്ലാത്ത വിഷമം തോന്നി. 

ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല. ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന്
ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട് തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട് തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്. എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു
പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ.

ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.

എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു.എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോഎന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.

അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി. “ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും? എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട്
പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ കളിയാക്കിയവര്‍, അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു.അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്,  രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ
സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍  കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി.സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു.ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍ വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.

പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെഅവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്?മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല.ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു.

എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്. “എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു. “ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം” അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരുഅവസരം കൂടി നല്‍കിയ പോലെ ഒരു ……സ്വപ്നം! അല്ലാഹു അക്ബര്‍ !!!!!!"

പ്രവചക സ്നേഹ തീരങ്ങള്‍ ... അനിര്‍വചനീയം.



ഹസ്രത്ത് ഖുബൈബ് (റ) വിനെ കഴുമര ചോട്ടില്‍ എത്തിച്ചിരിക്കുകയാണ് ഖുറൈശികള്‍.... ഖുബൈബ് ചെയ്ത തെറ്റ് എന്താണെന്ന് അറിയുമോ? മുത്ത്‌ ഹബീബിനെ സ്നേഹിച്ചു പോയി, അവിടത്തെ അംഗീകരിച്ചു... ആ ജീവിത സമീക്ഷ ലോകത്തിനു പ്രബോധനം ചെയ്തുപോയീ. അതെ ഇത് മാത്രമാണ് ഖുബൈബ് ചെയ്ത കുറ്റം....

കൊല ചെയ്യാനായി ആരാച്ചാര്‍ നടന്നു വന്നു, ഉക്കാള്‍ ചന്തയില്‍ നിബിഡമായ ജനസഹസ്രങ്ങള്‍. ആരവങ്ങള്‍ ഉയരുകയാണ്. ഒരു മനുഷ്യനെ കൊല ചെയ്യുന്നത് കാണാന്‍ ആര്ത്തിരമ്പി വന്നിരിക്കയാണ് അവര്‍...

ചങ്ങലക്കിട്ട നിലയില്‍ ഖുബൈബിനെ അവര്‍ അവിടെയെത്തിച്ചു. വെളുത്ത സുന്ദരനായ ചെറുപ്പക്കാരന്‍. മക്കക്കാര്‍ ഖുബൈബിനെ സൂക്ഷിച്ചു നോക്കി. അവര്ക്ക് ഖുബൈബിനെ അറിയാമായിരുന്നു. നല്ല സ്വഭാവവും ചിന്താ ശേഷിയുമുള്ള ചെറുപ്പക്കാരനായിരുന്നു ഖുബൈബ്. പരനിട്ടെന്താ കാര്യം മുഹമ്മദിന്റെ വലയത്തില്‍ അവനും അകപ്പെട്ടു പോയില്ലേ....... ഖുറൈശികള്‍ അടക്കം പറഞ്ഞു
കൊല മരത്തിനു താഴെയെത്തിയപ്പോള് ഖുറൈഷി കിങ്കരന്മാര്‍ ഖുബൈബ് (റ) വിനോട് അന്ധ്യാഭിലാശം ‍ആരാഞ്ഞു. മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹമാണ്. മുത്ത്‌ ഹബീബിനെ ഉള്ളം നിറയെ പ്രണയിച്ചു പോയ ഖുബൈബ് (റ) തനിക്ക് രണ്ടു റക്അത്ത് നിസ്ക്കരിക്കാന്‍ സമ്മദം ചോദിച്ചു, അവര്‍ തെല്ലൊന്നു പരിഹാസത്തോടെ അനുവാദം നല്കി. ഖുബൈബ് (റ) അംഗ ശുദ്ധി വരുത്തി, ഖിബ്‌ലക്ക് മുന്നില്‍ തിരിഞ്ഞു അല്ലാഹുവുമായി മുനാജാത് നടത്തുകയാണ്. കൊലപാതകം നേരില്‍ കാണാന്‍ തടിച്ചു കൂടിയ ജനസഹസ്രം കാതുകൂര്പ്പിച്ചു ശ്രദ്ധാ പൂര്വ്വം കാത്തിരിക്കുകയാണ്. ഖുബൈബ് പതുക്കെ തുടങ്ങി ..... വജ്ജഹ്ത്തു വജിഹിയ......... കണ്ടു നില്ക്കുബന്നവര്‍ അമ്പരക്കുകയാണ്. കൊലമാരത്തിന്നു ചുവട്ടില്‍ നിന്ന് ഇത്ര സമാധാനത്തോടെ ഒരു ഭാവ ഭേദവുമില്ലാതെ എങ്ങിനെയാണ് ഈ മനുഷ്യന്നു പ്രാര്ഥിക്കാന്‍ കഴിയുന്നത്. വെള്ളത്ത വിശ്വാസം തന്നെയാണ് മുഹമ്മദിന്റെയും അനുയായികളുടെയും" അവര്‍ പിറുപിറുത്തു. 

നിസ്ക്കാരം കഴിഞ്ഞു രണ്ടു കൈകളും ആകാശത്തേക്ക് ഉയര്ത്തി , അവിടെ കൂടി നില്ക്കുരന്നവര്‍ കേള്ക്കുമാരുച്ചത്തില്‍ ശാന്ത സ്വെരത്തോടെ, സമാധാന ഭാവത്തോടെ ഖുബൈബ് (റ) പ്രാര്ഥി‍ച്ചു "യാ അല്ലാഹ്... ഈ ഖുബൈബിന്റെ ഇപ്പോഴത്തെ അവസ്ഥ എന്റെ മുത്തിനെ നീ അറിയിക്കേണമേ....... അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്... എന്റെ. ഈ സലാം എന്റെ മുത്തിന് നീ എത്തിച്ചു കൊടുക്കേണമേ നാഥാ...."

മദീനാ പള്ളിയുടെ അകത്തളത്തില്‍ മുത്ത്‌ ഹബീബും അനുചരരും ഗവരവമായ ചര്ച്ചെയിലാണ്. പെട്ടെന്ന് മുത്ത്‌ ഹബീബ് (സ്വ) അവിടത്തെ കണ്ടങ്ങളില്‍ നിന്നും വേദന കടിച്ചമര്ത്തി "വ അലൈക്കുമുസ്സലാം യാ ഖുബൈബ്" എന്ന് സലാം മടക്കി.........

ഖുറൈശികള്‍ ഖുബബിനെ വിചാരണ ചെയ്യുകയാണ്....
"നോക്കൂ നീ ചെറുപ്പമാണ്, സുന്ദരനാണ്, നിന്നെ പ്രാപിക്കാന്‍ എത്രയോ സ്ത്രീകള്‍ കാത്തിരിക്കുന്നു, മുഹമ്മദിന്റെ ഈ മതത്തില്‍ നിന്ന് നീ പിന്മാറിയാല്‍ നിനക്ക് നിന്റെ ജീവന്‍ തിരിച്ചു നല്കാം. നീ ചെയ്ത കുട്ടങ്ങല്ക്കെചല്ലാം നിനക്ക് മാപ്പ് നല്കാം, നിനക്ക് വേണ്ട എല്ലാ സവ്കര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരാം" പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ആ ഇരുപത്തി അഞ്ചുകാരന്റെ മുന്നില്‍ ഖുറൈശികള്‍ വാഗ്ദാന പ്പെരുമഴ തീര്ക്കു കയാണ്. 
ഒന്നും മിണ്ടാതെ ഖുബൈബ് അല്പ്പ്മൊന്നു മൌനത്തോടെ നിന്നു. ഖുരൈശികളുടെ മനസ്സില്‍ സന്തോഷത്തിന്റെ നിമിഷം. ഉടനെ ഖുബൈബ് പറഞ്ഞു "ഇല്ല എനിക്ക് നിങ്ങള്‍ ഭൂമിയില്‍ സ്വെര്ഗ്ഗം തീര്ക്കാ മെന്ന് പറഞ്ഞാലും എന്റെി മുത്ത്‌ ഹബീബ് എന്നെ പഠിപ്പിച്ച ആദര്ശ്ത്തില്‍ നിന്നു ഞാന്‍ പിന്തിരിയില്ല" ഈ ആദര്ശആ പ്രഖ്യാപനം കേട്ട് ഖുറൈഷികളും കൂടി നിന്നവരും കിടുങ്ങി. മരണത്തെ മുഘാമുഖം കാണുമ്പോഴും അതില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുകള്‍ ലഭിക്കുമ്പോഴും അതിനു വഴങ്ങാതെ തന്റെ വിശ്വാസത്തിന്നു മുന്നില്‍ പതറാതെ നില്ക്കുഅന്ന ഖുബൈബില്‍ അവരില്‍ പലര്ക്കും അത്ഭുതം ജനിച്ചു.

ഖുറൈശികള്‍ തലയറുത്തു ഖുബൈബ് (റ) ഒറ്റയടിക്ക് കൊല്ലുന്നതിനു പകരം ഇഞ്ചിഞ്ചായി കൊല്ലാന്‍ തീരുമാനിച്ചു. വീണ്ടും ഖുറൈശികള്‍ ചോദിച്ചു...
"ഖുബൈബ്, നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം, വെറുതെ വിടാം, നീ എവിടെക്കെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ... പക്ഷെ ഒരു കാര്യം.. ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍ മതി... നീ നിന്റെ് നേതാവില്ലേ മുഹമ്മദ്‌... ആ നേതാവിനെ നീ ഒന്ന് തള്ളി പറഞ്ഞാല്‍ മതി"

ശക്തമായ പ്രതിഷേധത്തോടെ ഖുബൈബ് ഖുരൈശികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു "ഖുറൈഷികളെ, നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നു.. എന്റെ മുത്ത്‌ ഹബീബിനെ തള്ളി പറഞ്ഞിട്ട് ഈ ഖുബൈബ് ഇവിടെ ജീവിക്കുകയോ, അങ്ങിനെ ഒരു ജീവിതം ഈ ഖുബൈബിനു വേണ്ട...നിങ്ങള്‍ എന്നെ ഇഞ്ചിഞ്ചായി കൊന്നാലും എന്റെി മുത്ത്‌ ഹബീബിനെ ഞാന്‍ തള്ളിപറയില്ല" പ്രണയത്തിന്റെ അമൃത് പൊഴിയുന്ന ഈ സൂര്യ വചനം കേട്ട് ഖുറൈഷികളും കൂടി നിന്ന ജന സഹസ്രങ്ങളും ഞെട്ടി... ഇങ്ങനെയും ഒരു സ്നേഹമോ? എന്ത് മയക്കു മരുന്നാണ് മുഹമമദ് തന്റെ അനുയായികള്ക്ക്ര നല്കി യിരിക്കുന്നത്" അവര്‍ അത്ഭുതം കൂറി.

ഖുറൈശികള്‍ ആരംഭിക്കുകയാണ്. ഖുബബിനെ ജനങ്ങളുടെ മുന്നിലേക്ക് തിരിച്ചു നിര്ത്തി. അദ്ധേഹത്തിന്റെ വലതു കൈ അവര്‍ ഉയര്ത്തി പ്പിടിച്ചു. മൂര്ച്ചകയുള്ള വാളുകൊണ്ട് ആ കൈ അവര്‍ മുറിച്ചെടുത്തു. ദൂരെ തയാറാക്കിയ കൊക്കയിലേക്ക് ആ കൈ അവര്‍ വലിച്ചെറിഞ്ഞു. ഖുബൈബ് (റ) വേദന കൊണ്ട് പുളയുകയാണ്. രക്തം ധാര ധാരയായി ഒഴുകുകയാണ്... ഖുറൈശികള്‍ ആ മഹാ പ്രണയിനിയെ വിളിച്ചു "ഖുബൈബ് നിനക്ക് ഇനിയും രക്ഷപ്പെടാന്‍ സമയമുണ്ട്. നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം. നിന്റെ ഒരു കൈ മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളൂ....... ഒരു കാര്യം മാത്രം നീ പറഞ്ഞാല്‍ മതി. വെറും പറയുക മാത്രം. നീ നില്ക്കു ന്ന ഈ അവസ്ഥ മുഹമ്മദിന്നായിരുന്നുവെങ്കില്‍.... അതെ അത്ര മാത്രം നീ പറയുകയോ ചിന്തിക്കുകയോ മാത്രം മതി... " 

വേദന കൊണ്ട് പുളയുമ്പോഴും ദിഗന്ധങ്ങള്‍ മുഴങ്ങുമാര്‍ ഉച്ചത്തില്‍ ഖുബൈബ് (റ) വിളിച്ചു പറഞ്ഞു " ഹേ... ഖുറൈഷികളെ.. നിങ്ങള്‍ എന്ത് കരുതി എന്നെ കുറിച്ച്... എന്റെ ഓരോ അവയവങ്ങള്‍ നിങ്ങള്‍ മുറിചെടുത്താലും എന്റെന ജീവന്‍ ഇല്ലാതായി പോയാലും എന്റെ. സ്ഥാനത്ത് മുത്ത്‌ ഹബീബ് (സ്വ) ആകുന്നത് പോയിട്ട് മണല്‍ തരിയില്‍ നിന്നുള്ള ഒരു ചെറിയ തരി മണ്ണ് പോലും എന്റെ ഹബീബിനെ പൂമേനിയില്‍ വീഴുന്നത് ഞാന്‍ സഹിക്കില്ല.... എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ പ്രണയിക്കുന്നു ഖുറൈഷികളെ...... 
"
ഖുബൈബ് (റ) ഈ പ്രഖ്യാപനം മക്കയിലെങ്ങും പ്രകമ്പനം കൊണ്ടു... ഖുറൈശികള്‍ അദ്ദേഹത്തിന്റെ ഇടതു കാല്‍ മുറിച്ചു, അപ്പോഴും ഇതേ ചോദ്യം ആവര്ത്തി.ച്ചു. ഖുബൈബ് (റ) അതെ ഉത്തരം ആവര്ത്തിച്ചു കൊണ്ടിരുന്നു..... ഇടതു കൈ.. വലതു കാല്‍ ... അവസാനം തല വെട്ടി മാറ്റാന്‍ പോകുന്നതിനു മുമ്പ് വേദന കടിച്ചമര്ത്തി പ്രണയ ഭാവത്തോടെ ആധ്യാത്മികമായ സവ്രഭ്യത്തോടെ ശഹാദത് മൊഴിഞ്ഞു മുത്ത്‌ ഹബീബിന്‍ സലാം പറഞ്ഞു ആ പ്രണയത്തിന്റെര ഉജ്ജ്വല മാതൃക ചരിത്രമായി....

ഇതാണ് പ്രണയം..... ഇങ്ങനെയാണ് ലോകം ഹബീബിനെ നെഞ്ചേറ്റിയത്... നമ്മുടെ സ്നേഹമെവിടെ .............
യാ അല്ലാഹ്.... ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ മനസ്സില്‍ നീ നിറക്കണേ.............
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 

My Twitter Updates

Live Broadcasting

saifalpy on livestream.com. Broadcast Live Free