എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു...

Dec 10, 2013



ഇങ്ങനെയൊരു കഥയുണ്ട്‌: കാറ്റില്‍ പെട്ട്‌ ആടിയുലയുന്ന തോണിയില്‍ ഭാര്യയും ഭര്‍ത്താവുമിരിക്കുന്നു. ഭയവിഹ്വലനായ ഭര്‍ത്താവ്‌ ഭാര്യയോട്‌ ചോദിച്ചു: “ഇത്ര ഭയപ്പെടേണ്ട സമയത്തും നീ എങ്ങനെയാണ്‌ സമാധാനത്തോടെ ഇരിക്കുന്നത്‌?” അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത്‌ ഭര്‍ത്താവിന്റെ കഴുത്തിനു നേരെ ചേര്‍ത്തുപിടിച്ച്‌ ഭാര്യ ചോദിച്ചു: “നിങ്ങള്‍ക്ക്‌ പേടിയുണ്ടോ?” അയാള്‍ പറഞ്ഞു: “ഇല്ല.” “എന്തുകൊണ്ട്‌?” “എന്റെ കഴുത്തിനോട്‌ ചേര്‍ത്തു കത്തിചൂണ്ടിനില്‌ക്കുന്നത്‌ എന്നെ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ ഭാര്യയാണ്‌. അതുകൊണ്ട്‌ എനിക്കൊട്ടും ഭയമില്ല”. അപ്പോള്‍ ഭാര്യ പറഞ്ഞു: “അതുതന്നെയാണ്‌ എന്റെയും സമാധാനം. എന്നെ ഏറ്റവും സ്‌നേഹിക്കുന്ന, ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ നാഥനാണ്‌ ഈ കാറ്റും കോളുമെല്ലാം എന്റെ നേര്‍ക്ക്‌ അയച്ചത്‌. അതുകൊണ്ട്‌ ഞാനെന്തിന്‌ ഭയപ്പെടണം? എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണമെന്നും കൂടുതല്‍ അറിയുന്നവന്‍ അവനാണ്‌.”
അല്ലാഹുവിന്റെ ഇഷ്‌ടം തിരിച്ചറയുമ്പോള്‍ നിര്‍ഭയത്വം കൈവരുന്നു. അല്ലാഹുവിനോടുള്ള ഇഷ്‌ടം പെരുകുമ്പോള്‍ നിര്‍ഭയത്വം ഇരട്ടിക്കുന്നു. അല്ലാഹുവിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുമ്പോള്‍ സ്വന്തം ശരീരത്തെച്ചൊല്ലിയുള്ള ഭയപ്പാടുകളെല്ലാം നിസ്സാരമായിത്തോന്നുന്ന അനുഭവമുണ്ടാകും. ജീവിതത്തെക്കുറിച്ച ഭയവും അതോടെ ഇല്ലാതാകും. “നിങ്ങള്‍ അല്ലാഹുവെ സഹായിച്ചാല്‍ അവന്‍ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ കാല്‍പാദങ്ങള്‍ക്ക്‌ കരുത്തു നല്‍കുകയും ചെയ്യും” എന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണ്‌.
നമ്മുടെ മക്കളെ നമ്മള്‍ എത്ര ഇഷ്‌ടപ്പെടുന്നുണ്ട്‌, ഒരുപാടൊരുപാട്‌. എത്ര പറഞ്ഞാലും തീരാത്ത അത്ര ഇഷ്‌ടം സ്വന്തം കുഞ്ഞുങ്ങളോട്‌ ഓരോരുത്തര്‍ക്കുമുണ്ട്‌. ചിലര്‍ക്കത്‌ പ്രകടിപ്പിക്കാനാവില്ലെങ്കിലും ഉള്ളില്‍ ആ സ്‌നേഹവും വാത്സല്യവും നിറഞ്ഞു കിടപ്പുണ്ട്‌.
ശരി. അത്ര സ്‌നേഹിച്ചും ലാളിച്ചും നാം വളര്‍ത്തിയ നമ്മുടെ മക്കള്‍ നമ്മെ അവഗണിച്ചാലോ, അത്‌ നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. നാം ജീവിച്ചതു തന്നെ ആ മക്കള്‍ക്കു വേണ്ടിയാണ്‌. അധ്വാനിച്ചത്‌, സമ്പാദിച്ചത്‌, പിശുക്കു കാണിച്ചതുപോലും മക്കള്‍ക്കു വേണ്ടിയായിട്ടും, ജോലിയും ശമ്പളവുമായി കഴിഞ്ഞാല്‍ ഉപ്പയെയും ഉമ്മയെയും അവര്‍ പരിഗണിക്കാതെയായാല്‍ തീര്‍ച്ചയായും അത്‌ വല്ലാത്ത സങ്കടമാണ്‌. ആ മാതാപിതാക്കള്‍ വേദനയോടെ പറയും: “അവന്‍ ഞങ്ങളെ വിലവെക്കുന്നില്ല!” നോക്കൂ. ഇതേ വാക്ക്‌ സര്‍വശക്തനായ രക്ഷിതാവ്‌ അവന്റെ ചില അടിമകളെക്കുറിച്ച്‌ പറയുന്നു. സൂറതുല്‍ ഹജ്ജിലെ വചനം 74: “അവര്‍ അല്ലാഹുവിന്‌ നല്‍കേണ്ട വില തരുന്നില്ല!”
എന്താണ്‌ അല്ലാഹുവിന്‌ നമ്മള്‍ നല്‍കേണ്ട വില? ജീവിതത്തിലുടനീളം നാം നല്‍കുന്ന പരിഗണനയാണത്‌. ആരെക്കാളും എന്തിനെക്കാളും ഉപരിയായി അവന്‌ സമര്‍പ്പിക്കുന്ന ഇഷ്‌ടമാണത്‌.
അത്രയും ഇഷ്‌ടം അവനോട്‌ നമ്മുടെയുള്ളില്‍ നിറയുമ്പോള്‍ അവന്റെ മാര്‍ഗവും മാര്‍ഗദര്‍ശനവും നമുക്ക്‌ ഏറ്റവും പ്രിയങ്കരമായിത്തീരും. അവനോടൊത്തുള്ള ആരാധനാനിമിഷങ്ങള്‍ അനിര്‍വചനീയമായ ആനന്ദവേളകളാവും. അവന്റെ കല്‌പനകളെ അനുസരിക്കുമ്പോള്‍ വാക്കുകള്‍ക്കതീതമായ സന്തോഷമനുഭവിക്കും. “ഞാന്‍ കൊണ്ടുവന്ന കാര്യത്തെ നിങ്ങളുടെ ഇഷ്‌ടം പിന്തുടരുന്നതു വരെ നിങ്ങള്‍ വിശ്വാസിയാവുകയില്ല” എന്ന തിരുനബിയുടെ താക്കീതിന്റെ അര്‍ഥമതാണ്‌. അല്ലാഹുവിന്റെ ഇഷ്‌ടങ്ങളെയും തീരുമാനങ്ങളെയും നമ്മുടെ ഇഷ്‌ടമായി സ്വീകരിക്കുകയാണത്‌.
പരിഗണനകളില്‍ പ്രാമുഖ്യം അല്ലാഹുവിനുള്ളതാവണം. ശരീരം, വീട്‌, കുടുംബം, ജോലി, കച്ചവടം, സമയം, ഉറക്കം, സമ്പത്ത്‌… ഇങ്ങനെയുള്ള കുറെ പരിഗണനകളിലൂടെയാണ്‌ നമ്മുടെ ഓരോ നിമിഷവും കഴിഞ്ഞുപോകുന്നത്‌. അല്ലാഹുവിനുള്ള സ്ഥാനവും പദവിയും പ്രാധാന്യവും ഇവയുടെയെല്ലാം മുകളിലായിരിക്കണം. ഏറ്റവും ഇഷ്‌ടമുള്ളവനു വേണ്ടി ചെറിയ ഇഷ്‌ടങ്ങളെ ത്യജിക്കാനും നഷ്‌ടപ്പെടുത്താനും അപ്പോള്‍ മാത്രമേ നമുക്ക്‌ കഴിയൂ.
ഓരോ കാര്യങ്ങളില്‍ പെട്ട്‌ അല്ലാഹുവെ മറന്നുപോകുന്നതിനു പകരം ഓരോ കാര്യത്തിലും ആ നാഥനെ ഓര്‍ത്തെടുക്കുക എന്നത്‌ മഹാഭാഗ്യമാണ്‌. നമ്മുടെ മനസ്സില്‍ അല്ലാഹുവിനുള്ള സ്ഥാനമെത്രയാണോ അത്രയാണ്‌ അവന്റെയടുക്കല്‍ നമുക്കുള്ള സ്ഥാനമെന്ന്‌ തിരുനബി പഠിപ്പിച്ചിട്ടുണ്ടല്ലോ. അല്ലാഹുവെപ്പറ്റിയുള്ള ചിന്തയ്‌ക്കിടയില്‍ മറ്റു പലതിനെയും മറന്നാലും പല വിചാരങ്ങള്‍ക്കിടയില്‍ അല്ലാഹു മാഞ്ഞുപോകാതിരിക്കട്ടെ.
ഉന്നതനായൊരു പണ്ഡിതന്റെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു: “അല്ലാഹുവേ, എനിക്കുള്ളതെല്ലാം നിനക്കുതരാം. നിന്റെ ഒരു തിരുനോട്ടം മതിയെനിക്ക്‌.’

My Twitter Updates

Live Broadcasting

saifalpy on livestream.com. Broadcast Live Free