എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു...

Feb 26, 2013





സ്വാര്‍ഥരാവുക.
സ്വാര്‍ഥരാകാന്‍ പാടില്ലാത്തവരാണ്‌  നാം................

                                                                                 വ്യക്തിപരമായ ഇഷ്‌ടങ്ങളില്‍ ഒട്ടും സ്വാര്‍ഥതയില്ലാതെ ജീവിക്കാനാണ്‌ നമുക്കുള്ള നിര്‍ദേശം. പക്ഷേ, നാം കടുത്ത സ്വാര്‍ഥരാകേണ്ട ഒരു വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്‌; അത്‌ നമ്മുടെ പരലോകമാണ്‌. പരലോകത്തിന്റെ കാര്യത്തില്‍ എത്ര സ്വാര്‍ഥമാകാന്‍ സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ പോരും. വ്യക്തിപരമായ ഇഷ്‌ടങ്ങളിലും നിലപാടിലും ഏറ്റവും കര്‍ക്കശമായ സമീപനം പുലര്‍ത്താന്‍ സാധിക്കേണ്ടതും പരലോകത്തിന്റെ കാര്യത്തിലായിരിക്കണം. ഭൗതിക കാര്യങ്ങളില്‍ എത്ര തന്നെ വിട്ടുവീഴ്‌ചയും മറ്റുള്ളവര്‍ക്കുള്ള പരിഗണനയും നല്‍കാന്‍ സാധിച്ചാലും പരലോകത്തിലേക്കുള്ള വിഷയങ്ങളില്‍ അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്‌.

 തനിച്ചിരുന്ന്‌ കരയുന്ന ആഇശ(റ)യോട്‌ തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു : ``നരകത്തെക്കുറിച്ചോര്‍ത്ത്‌ കരഞ്ഞതാണ്‌ റസൂലേ; അന്ത്യനാളില്‍ അങ്ങ്‌ അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?'' ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്‌. തിരുനബി(സ)യുടെ മറുപടി പക്ഷേ, ആഇശാബീവിക്ക്‌ ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ``ആഇശാ, മൂന്ന്‌ സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌ -തന്റെ തുലാസ്‌ ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്‌തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ -വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത്‌ നല്‍കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന്‌ അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍ -അത്‌ മുറിച്ചുകടക്കുന്നതു വരെ.'' (അബൂദാവൂദ്‌ 4755)

 പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്‌ര്‍ 27, മുസ്സമ്മില്‍ 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്‌ക്കെത്തുന്നു. ഇഷ്‌ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ച്‌ സ്വന്തം നേട്ടത്തിന്ന്‌ മാത്രമായി ഓടിപ്പായുന്ന ആ ദിനം ഓര്‍ക്കും തോറും ഹൃദയത്തില്‍ ഭയത്തിന്റെ തീനാളങ്ങള്‍ പടര്‍ന്നുകയറുന്നു! നാം ഓരോരുത്തരും ഏറ്റവും സ്വാര്‍ഥരാകുന്ന നിമിഷമാണ്‌ വിചാരണയുടെ നിമിഷം. വെയിലുകൊണ്ടും വിയര്‍പ്പൊഴുക്കിയും നാം വളര്‍ത്തിയെടുത്ത മക്കളോ കുടുംബമോ നമ്മെ തിരിഞ്ഞുനോക്കുന്നില്ല. നമുക്കും ആരെയും വേണ്ട. ആര്‍ക്കും ആരെയും ആവശ്യമില്ല. ശരി. അന്നു നമ്മള്‍ സ്വാര്‍ഥരായിപ്പോകും. എങ്കില്‍ ആ ദിവസത്തിനു വേണ്ടി ഇന്നും നമ്മള്‍ സ്വാര്‍ഥരായേ പറ്റൂ.

 മാരകരോഗം ബാധിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ മടങ്ങിയെത്തിയ ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ കണ്ണുകളോടെ കൈ മലര്‍ത്തി അയാള്‍ പറഞ്ഞതിങ്ങനെയായിരുന്നു: ``കുറെ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ചെയ്‌തില്ല. മക്കളെന്നും കുടുംബമെന്നും പറഞ്ഞ്‌ പണമുണ്ടാക്കാന്‍ തിരിഞ്ഞു. ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക്‌ എന്റെ സമയവുമിതാ തീര്‍ന്നു...'' അലസജീവിതം നയിക്കുന്നവര്‍ക്കുള്ള താക്കീതാണിത്‌. ഏറെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന്‌ അകറ്റിനിര്‍ത്തി കൊച്ചു കാര്യങ്ങളിലേക്ക്‌ മനസ്സിനെ വ്യാപിപ്പിക്കുന്നത്‌ പിശാചിന്റെ സൂത്രമാണ്‌. പക്ഷേ, നമ്മുടെ കാര്യത്തില്‍ കൂടുതല്‍ വിജയിക്കുന്നത്‌ പിശാചാണ്‌4

 ഉമര്‍(റ) മരണപ്പെട്ടപ്പോള്‍ മുആവിയ(റ) പറഞ്ഞതിങ്ങനെയായിരുന്നു: ``അബൂബക്‌ര്‍ ദുനിയാവിനെ ആഗ്രഹിച്ചില്ല. ദുന്‍യാവ്‌ അബൂബകറിനെയും ആഗ്രഹിച്ചില്ല. ഉമറിന്റെ മുമ്പില്‍ ദുന്‍യാവ്‌ കുന്നുകൂടിയെങ്കിലും ഉമര്‍ തിരിഞ്ഞുനോക്കിയില്ല. നമ്മളോ, അകവും പുറവും ദുന്‍യാവില്‍ മുങ്ങിയിരിക്കുകയാണ്‌.'' നമ്മുടെ കാലത്ത്‌ കൂടുതല്‍ ശരിയായ സത്യമാണിത്‌. പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും കീഴടക്കിയിട്ടില്ല. ആ വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട വിധം സ്വാധീനിച്ചിട്ടില്ല. അതിന്റെ പോരായ്‌മകള്‍ അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്‌.

 ഉമര്‍(റ) അസാധാരണ മാതൃകയാണ്‌. പരലോകബോധം ഹൃദയത്തിലുള്‍ച്ചേര്‍ന്നതിന്റെ സാക്ഷ്യമായിരുന്നു ആ ജീവിതം. ``നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. അതു തടയാന്‍ ആര്‍ക്കും സാധ്യമല്ല'' എന്ന ഖുര്‍ആന്‍ വചനം ആദ്യമായി കേട്ട ഉമര്‍, തലചുറ്റി വീണു. മൂന്ന്‌ ആഴ്‌ചയോളം പനിച്ചുകിടുന്നു. അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ ചുണ്ടില്‍ ഈ ഖുര്‍ആന്‍ വചനമായിരുന്നു. പ്രാര്‍ഥനാസമയത്ത്‌ കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. ആ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകളുണ്ടായിരുന്നുവത്രെ.

 പരലോകം എത്രയാണോ മനസ്സില്‍ വേരുപിടിക്കേണ്ടത്‌, അത്രയും വേരുപിടിച്ചത്‌ ഇഹലോകമായിരിക്കുന്നു. സുഖങ്ങള്‍ മതിവരാത്ത മനസ്സും ആര്‍ത്തിയൊടുങ്ങാത്ത ജീവിതവും പൂതി തീരാത്ത പണമോഹവും ആത്മാര്‍ഥത നഷ്‌ടപ്പെട്ട്‌ കര്‍മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന മതപ്രവര്‍ത്തനങ്ങളും സംഭവിക്കുന്നത്‌ അതുകൊണ്ടാണ്‌.

അല്ലാഹുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം കവിയുന്ന ഹൃദയവും പരലോകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിതുമ്പുന്ന മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.

My Twitter Updates

Live Broadcasting

saifalpy on livestream.com. Broadcast Live Free